ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീവിക്കും ഏകാന്ത തടവ് പാടില്ലെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി ഉത്തരവിട്ടു. ജയിൽ ചട്ടങ്ങൾ പ്രകാരം ഇമ്രാനും ഭാര്യയ്ക്കും കൂടിക്കാഴ്ചയ്ക്കു സൗകര്യമൊരുക്കണം.
ഇരുവരുടെയും ബന്ധുക്കൾ നല്കിയ ഹർജിയിലാണ് ഉത്തരവ്. ഇമ്രാനും ഭാര്യയും അഴിമതിയടക്കമുള്ള കുറ്റങ്ങൾക്ക് റാവൽപിണ്ടിയിലെ അഡ്യാല ജയിലിൽ ശിക്ഷ അനുഭവിച്ചുവരികയാണ്.
ബന്ധുക്കൾക്ക് ഇമ്രാൻ ഖാനെ കാണാൻ അനുമതി നല്കണമെന്നും കോടതി നിർദേശിച്ചു. ഇമ്രാന് മക്കളുമായി ഫോണിൽ സംസാരിക്കാൻ സൗകര്യമൊരുക്കണം.
പത്രങ്ങളും ബുക്കുകളും ദിവസവും ഇമ്രാനു ലഭ്യമാക്കണം. ജയിൽ ചട്ടങ്ങൾ പ്രകാരം അദ്ദേഹത്തിന് വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. നിർദേശങ്ങൾ നടപ്പാക്കി 15 ദിവസത്തിനുള്ളിൽ ജയിൽ സൂപ്രണ്ട് റിപ്പോർട്ട് നല്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ഇമ്രാൻ ഖാന് ഇസ്‌ലാമാബാദിലെ സ്വകാര്യ ആശുപത്രിയിൽ ഉടൻ ചികിത്സ നല്കണമെന്ന് പാക് സുപ്രീംകോടതി കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. എന്നാൽ അധികൃതർ അദ്ദേഹത്തെ സർക്കാർ ഉടമസ്ഥതയിലുള്ള പാക്കിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഒരു രാത്രി കൊണ്ടുപോയി പരിശോധന നടത്തിയശേഷം ജയിലിൽ തിരിച്ചെത്തിക്കുകയാണ് ചെയ്തത്. ഇതിൽ ഇമ്രാന്‍റെ ബന്ധുക്കൾ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.